Friday, May 15, 2009

പേരിലെന്തു കാര്യം?

വിജയമ്മ ചേച്ചിയുടെ അടുത്ത്‌ ട്യൂഷന്‍ പഠിക്കുമ്പോള്‍ മുതലുള്ള കൂട്ടാണ്‌ എന്റെയും ശ്യാമയുടെയും കുട്ടു, കുട്ടാണി എന്നൊക്കെ ഞങ്ങള്‍ വിളിക്കുന്ന ഭാഗ്യലക്ഷ്മിയുടേയും. പത്താം ക്ലാസ്സുവരെ ഞങ്ങള്‍ ഒരുമിച്ച്‌ ഒരേ ബഞ്ചില്‍ തന്നെയായിരുന്നു. എന്നുവച്ചാല്‍ ഞങ്ങള്‍ക്ക്‌ മൂന്നുപേര്‍ക്കും മാത്രമായി ഒരു ബഞ്ചും ഡസ്കും.
ചിലപ്പോഴൊക്കെ തോന്നാറുണ്ട്‌ സൂര്യ ഭഗവാന്‍ ഇപ്പോള്‍ രഥത്തിലല്ല, പ്ലെയിനില്‍ കയറിയാണ്‌ നടക്കുന്നതെന്ന്‌. ത്രിമൂര്‍ത്തികള്‍ മൂന്നും മൂന്നു വഴിക്കായെങ്കിലും ഞാനും കുട്ടുവും ഒരുമിച്ചായിരുന്നു കോളേജ്‌ യാത്ര. കുട്ടാണി സെന്റ്മൈക്കിള്‍സ്‌ കോളേജിലും ഞാന്‍ എസ്‌.എന്‍ കോളേജിലും. കുട്ടാണിയുടെ കോളേജ്‌ സ്ഥിതിചെയ്യുന്ന 11-ാ‍ം മെയിലില്‍ ബസ്സിറങ്ങി അടുത്ത ബസ്സ്‌ കയറിയാലേ എനിക്ക്‌ കോളേജില്‍ പോകാനാവൂ. ബസ്സിറങ്ങി കുറേ നേരം വര്‍ത്തമാനം പറയുന്ന പതിവുണ്ട്‌. ഞങ്ങളെ ഒരുമിച്ചു കണ്ടാല്‍ വീട്ടുകാരും കൂട്ടുകാരും പറയുന്നത്‌ എന്തോ തരികിട പരിപാടി പ്ലാന്‍ ചെയ്തിട്ടുണ്ട്‌ എന്നാണ്‌. പൊതുവെ ഞങ്ങള്‍ രണ്ടുപേരും പലഹാരപ്രിയരാണ്‌. ആരെ പറ്റിച്ചിട്ട്‌ എന്തു വയറ്റിലാക്കും എന്നാണ്‌ കണ്ടുമുട്ടിയാല്‍ ആദ്യം ചിന്തിക്കുന്നത്‌. ഒരുദിവസം 11-ാ‍ം മെയിലിലിറങ്ങി വര്‍ത്തമാനം പറഞ്ഞു നില്‍ക്കുമ്പോഴാണ്‌ ഒരു കോഫീ ഷോപ്പ്‌ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്‌. രണ്ടുപേരും മുഖത്തോട്ടു മുഖം നോക്കി ഒന്നു ചിരിച്ചു. വീട്ടില്‍ നിന്നു കിട്ടിയ കുറച്ചു പൈസ കൈയിലുണ്ടായിരുന്നു. കുറച്ച്‌ എന്നുവച്ചാല്‍ എന്റെ കൈയിലൊരു പത്ത്‌, കുട്ടുവിന്റെ കൈയിലും ഒരു പത്ത്‌. ഹാ.... ചായക്കും പപ്പ്സിനും കൂടിയുള്ള പൈസയുണ്ട്‌. രണ്ടുപേരും കൂടി കോഫി ഷോപ്പിലേക്ക്‌ വച്ചുപിടിച്ചു.
ചേട്ടാ.... രണ്ടു ചായ, രണ്ട്‌ പപ്പ്സ്‌. അങ്ങനെ ചായ അകത്താക്കിക്കൊണ്ടിരിക്കുമ്പോള്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടും ധരിച്ച ഒരു ഇരുനിറക്കാരന്‍ കടയിലേക്ക്‌ വന്നു ഞങ്ങളുടെ എതിരെ ഇരിപ്പുറപ്പിച്ചു. കക്ഷി ഇടയ്ക്കിടെ ഞങ്ങളെ നോക്കുന്നുണ്ട്‌. ഇതെന്താ, രണ്ടു പെണ്‍കുട്ടികള്‍ ഒരുമിച്ച്‌ ചായ കുടിക്കാന്‍ കയറുന്നത്‌ ഇത്ര വലിയ അപരാധമാണോ? എന്നു ചിന്തിച്ചുകൊണ്ട്‌ ഞാന്‍ കുട്ടുവിനോടു പറഞ്ഞു എളുപ്പം കഴിക്ക്‌ നമുക്ക്‌ പോകാം. പൊടുന്നനെ അയാള്‍ ചോദിച്ചു മൈക്കിള്‍സിലാണോ പഠിക്കുന്നത്‌? ഞാന്‍ അ... അതേ...
അയാളൊന്നു മൂളി.
ഉടനേ വന്നു അടുത്ത ചോദ്യം. എവിടാ വീട്‌? കുട്ടു പറഞ്ഞു തണ്ണീര്‍മുക്കം.
തണ്ണീര്‍മുക്കത്തെവിടാ? സ്കൂള്‍ കവല എന്റെ കാലില്‍ ഒരു ചവിട്ടു തന്നിട്ട്‌ കുട്ടു വീണ്ടും മറുപടി പറഞ്ഞു. ഹോ നാശം. എനിക്കു ദേഷ്യം വന്നു.
സ്കൂള്‍ കവലയൊക്കെ ഞാനറിയും. അവിടെ ആരുടെ മകളാ? അയാള്‍ വീണ്ടും കുട്ടുവിനോട്‌ ചോദിച്ചു. അല്‍പം പരുങ്ങലോടെ കുട്ടു മറപടി പറഞ്ഞു. കൊച്ചുവേലി രമേശന്റെ മോളാ... അതു കേട്ട്‌ ഞാനൊന്നു ഞെട്ടി. സ്വന്തം രക്ഷയ്ക്കുവേണ്ടി അയാള്‍ പറഞ്ഞത്‌ എന്റെ അപ്പന്റെ പേരാ. കുട്ടാണിയെ ഒന്നു തറപ്പിച്ചുനോക്കിയശേഷം ചോദിക്കാതെ തന്നെ തട്ടിക്കയറി ഞാന്‍ അയാളോടു പറഞ്ഞു: 'ഞാന്‍ ചക്കാല സോമന്റെ മോളാ'. എന്നിട്ട്‌ കുട്ടാണിയുടെ തോളിലൊന്ന്‌ തട്ടിയിട്ട്‌ എന്തായാലും താനെന്റെ അച്ഛനെ എടുത്തില്ലേ. അപ്പോള്‍ പിന്നെ തന്റെ അച്ഛനെ ഞാനും ഇങ്ങെടുത്തു.
പറഞ്ഞുവന്നപ്പോള്‍ അയാള്‍ രണ്ടുപേരുടെയും അച്ഛന്മാരെയും അറിയും. എന്തോ അയാള്‍ക്കൊരു സംശയം. അതുകൊണ്ട്‌ അയാള്‍ വീണ്ടും ചോദിച്ചു ഇതിലാരാ ചക്കാലസോമന്റെ മോള്‌. ഞാന്‍ പറഞ്ഞു 'ഞാനാ', കുട്ടു പറഞ്ഞു 'ഞാനാ'. പെട്ടെന്നയാള്‍ തറപ്പിച്ചുനോക്കിയപ്പോള്‍ സത്യം സത്യമായി പറഞ്ഞ്‌ ഞങ്ങള്‍ ബസ്‌ സ്റ്റോപ്പിലേക്ക്‌ നീങ്ങി. പെട്ടെന്നുതന്നെ എനിക്കുള്ള ബസ്സ്‌ വന്നു. കുട്ടുവിനോടു ഞാന്‍ യാത്ര പറഞ്ഞു, 'പോട്ടെ രമേശന്റെ മോളേ'. കുട്ടു 'ശരി വൈകുന്നേരം കാണാം സോമന്റെ മോളെ'.

4 comments:

  1. kollam nalla tamasa somantem remasantem makkale!!!

    ReplyDelete
  2. ഇനിയെങ്കിലും സത്യം പറഞ്ഞോ ആരാ ആ കള്ളന്‍ ?

    ReplyDelete