Friday, May 15, 2009

കള്ളനെ പിടിച്ചേ!

ഇന്നിത്രയും പഠിച്ചാല്‍ മതി ഉറക്കം വന്നിട്ടു വയ്യ. ഭഗവാനേ, താന്‍ പാതി ദൈവം പാതി എന്നാണല്ലോ. നീ എനിക്കു തരാന്‍ വച്ചിരിക്കുന്ന പാതിയില്‍ നിന്ന്‌ ഒരല്‍പം വിഡ്രോ ചെയ്തോ ഉറക്കം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണേ അപ്പോള്‍ നാളെ കാണാം... അങ്ങനെ പതിവുപോലെ കൃഷ്ണനോട്‌ കിന്നാരം പറഞ്ഞ്‌ ഞാന്‍ ഉറങ്ങാന്‍ മുറിയിലേക്ക്‌ നടന്നു.
മുറിയില്‍ ഒരോരം ചേര്‍ത്തിട്ടിരിക്കുന്ന കട്ടിലില്‍ അനിയന്‍ നല്ല ഉറക്കം. അവന്റെ ചെവിയിലിട്ട്‌ പൊട്ടാസ്‌ പൊട്ടിക്കാനാ തോന്നിയെ... പത്താം ക്ലാസ്സുകാരനാ മണി പത്തര ആയപ്പോഴേ സുഖനിദ്ര. ഉറങ്ങട്ടെ സമാധാനമായിട്ടുറങ്ങട്ടെ. റിസള്‍ട്ടു വന്നുകഴിയുമ്പോള്‍ കാണാം....
തിരിഞ്ഞുനോക്കിയപ്പോള്‍ അടുത്ത കട്ടിലില്‍ ചേച്ചിയും നല്ല ഉറക്കം തന്നെ. പാവം ഉറങ്ങട്ടെ. പഠിത്തമൊക്കെ കഴിഞ്ഞ്‌ ജോലിയൊക്കെ നോക്കുന്ന സമയത്തല്ലേ ഉറങ്ങാന്‍ പറ്റൂ. ഉറങ്ങടീ.... ഉറങ്ങ്‌. എനിക്കും കിട്ടും എന്നെങ്കിലുമൊരു ജോലി. എന്റെ പഠിത്തമൊന്നു കഴിഞ്ഞോട്ടെ കാണിച്ചുതരാം എന്നു മനസ്സില്‍ പറഞ്ഞ്‌ അവളുടെ അപ്പുറത്ത്‌ ഭിത്തിയോട്‌ ചേര്‍ന്നു ഞാനും കിടന്നു. തലയുടെ ഭാഗത്തുണ്ടായിരുന്ന ജനല്‍ വര്‍ക്കേരിയായിലേക്ക്‌ തുറന്നു കിടന്നിരുന്നു. ഉറക്കം തലയ്ക്കു പിടിച്ചുതുകൊണ്ട്‌ ജനല്‍ അടയ്ക്കാനൊന്നും നില്‍ക്കാതെ ഞാന്‍ ഉറക്കം തുടങ്ങി.
സമയം 12.30 നോടടുത്തു. ആരോ ഒരാള്‍ വര്‍ക്കേരിയയില്‍ നില്‍ക്കുന്നതുപോലെ. ഞാന്‍ പതുക്കെ ജനലിലൂടെ തലപൊക്കി നോക്കി. തോന്നിയതല്ല, ആരോ ഒരാള്‍ ഉണ്ട്‌. പെട്ടെന്നയാള്‍ ആ മുറിയിലെ ലൈറ്റ്‌ ഇട്ടു. ഹയ്യോ! കള്ളന്‍. ഞാന്‍ ഞെട്ടിപ്പോയി. ജീവിതത്തിലാദ്യമായാണേ ഒരു കള്ളനെ കാണുന്നത്‌.
ഒത്ത വണ്ണവും പൊക്കവും താടിയും ടാറു പാട്ടയ്ക്കകത്ത്‌ വീണപോലുള്ള നിറം. ഒരു കൈലിമുണ്ടാണ്‌ വേഷം. കണ്ടാല്‍ തന്നെ പേടി തോന്നും.
എങ്ങനേലും കള്ളനെ പിടിക്കണം അതായി എന്റെ ചിന്ത. എഴുന്നേല്‍ക്കണമെന്നുണ്ട്‌. പക്ഷേ പൊങ്ങാന്‍ പറ്റുന്നില്ല. ബഡ്ഡില്‍ ഒട്ടിയതുപോലെ. എന്നിട്ടും ഞാന്‍ തോല്‍ക്കാന്‍ തയ്യാറായില്ല. ഞാന്‍ പതുക്കെ ഒച്ച കുറച്ച്‌ തൊട്ടടുത്ത മുറിയില്‍ കിടക്കുന്ന അച്ഛനെ വിളിച്ചു. അച്ഛാ... അച്ഛാ... പക്ഷെ മകളുടെ വിളി അച്ഛന്‍ കേട്ടില്ല. എന്നാലും കള്ളന്‍ കേട്ടു. ഞാന്‍ കണ്ടു എന്നു മനസ്സിലാക്കിയ ആ തസ്കരവീരന്‍ പതുക്കെ നടന്നുവന്ന്‌ ജനലിലൂടെ കയ്യിട്ട്‌ കഴുത്തില്‍ പിടിച്ച അമര്‍ത്തി.
കള്ളന്‍... കള്ളന്‍... ഞാന്‍ ഉച്ചത്തില്‍ അലറിവിളിച്ചു. കൂടെ എന്റെ ചേച്ചിയും നിലവളിച്ചു അച്ഛാ... അച്ഛാ..
ശബ്ദം കേട്ട അച്ഛനും അമ്മയും ഓടിവന്ന്‌ ലൈറ്റിട്ടു നോക്കുമ്പോള്‍ സല്‍പുത്രന്‍ തലയ്ക്ക്‌ കയ്യും കൊടുത്ത്‌ കട്ടിലില്‍ തന്നെ ഇരിപ്പുണ്ട്‌. ഞാനപ്പോഴും ഉച്ചത്തില്‍ കരച്ചില്‍ തന്നെ. കള്ളന്‍ വന്നേ...
ചേച്ചിയെ അവിടെയെങ്ങും കാണാതെ അമ്മ ചോദിക്കാന്‍ തുടങ്ങി. എടീ രമ്യ എന്തിയേടീ... നിന്നോടാ ചോദിച്ചെ രമ്യ എന്തിയേ. ഞാന്‍ വീണ്ടും കരഞ്ഞോണ്ടു പറഞ്ഞു. അവളെ കള്ളന്‍ കൊണ്ടുപോയേ...
പുറത്താണെങ്കില്‍ വാതിലിലും ജനലിലുമൊക്കെ വടികൊണ്ട്‌ ഓരോരുത്തരും മുട്ടുകയും അലറി വിളിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്‌. നമ്മുടെ നാട്ടുകാരാണേ കള്ളനെ പിടിക്കാന്‍ വന്നതാ.
വല്യച്ചന്റെ ശബ്ദം ഉയര്‍ന്നു കേട്ടു. ഡാ വാതിലു തുറക്കെടാ, ആരാടാ അകത്ത്‌ എന്നൊക്കെ. അച്ഛന്‍ വാതില്‍ തുറന്നപ്പോള്‍ പുറത്ത്‌ ഉലക്കയും വടിയുമൊക്കെ പിടിച്ചു നല്‍ക്കുന്ന നാട്ടുകാരെയാണ്‌ കണ്ടത്‌. പതുക്കെ അച്ഛന്‍ അവരോടു പറഞ്ഞു. പൊയ്ക്കോ പിള്ളേര്‌ സ്വപ്നം കണ്ടതാ.
എല്ലാരും പോയപ്പോള്‍ ദാ... പൊങ്ങിവരുന്നു ഒരാള്‍ കട്ടിലിനടിയില്‍ നിന്നും. എന്റെ ചേച്ചിയാണേയ്‌!
എന്തിനാടീ നീ കട്ടിലിനടിയില്‍ കയറിയത്‌. അമ്മയുടെ വക ചോദ്യം വന്നു.
അത്‌ അവളെ കള്ളന്‍ പിടിച്ചു എന്ന്‌ വിചാരിച്ച്‌ എന്നെ പിടിക്കാതിരിക്കാന്‍ വേണ്ടി കയറിയതാ.
നല്ല ചേച്ചി. ചേച്ചിമാരായാല്‍ ഇങ്ങനെതന്നെ വേണം.
സ്വപ്നത്തില്‍ കണ്ട കള്ളന്‍ വീണ്ടും വരുമോ എന്നുള്ള പേടി കാരണം അച്ഛനേയും അമ്മയേയും കൂടെ കിടത്തി വീണ്ടും ഉറങ്ങാന്‍ തുടങ്ങി. അപ്പോള്‍ അനിയച്ചാരുടെ വക വീണ്ടുമൊരു ചോദ്യം. എടീ സ്വപ്നം കണ്ടത്‌ നീയാണ്‌ പക്ഷേ പാത്തിരുന്നത്‌ രമ്യയാണ്‌. യഥാര്‍ത്ഥത്തില്‍ ആരാ സ്വപ്നം കണ്ടത്‌. അതോ നിങ്ങളു രണ്ടുംകൂടി ഒരു സ്വപ്നമാണോ കണ്ടത്‌.
ങേ... അതു നേരാണല്ലോ സ്വപ്നം കണ്ടത്‌ ഞാനായിരുന്നല്ലോ പിന്നെന്തിനാ അവള്‌ പാത്തിരുന്നത്‌. അനിയാ രഞ്ജിത്തേ നിന്റെ ചോദ്യത്തിന്‌ ഇന്ന്‌ എനിക്ക്‌ ഉത്തരമില്ല.

No comments:

Post a Comment